"എ പി ക്യു 6585... അപ്പൊ ആന്ധ്രാ വണ്ടിയാണ്".
വീട്ടിലേക്ക് കടന്ന് വന്ന പുതിയ അതിഥിയെ നോക്കി അജയൻ ആദ്യ ഡയലോഗ് പാസാക്കി.
" ആകാശ നീല... കളറ് എന്തായാലും ഉഷാറായി.. അല്ലെ ചെല്ലപ്പൻ ചേട്ടാ".
കോതമംഗലത്തു ഉള്ള ഒരു അണ്ണാച്ചി ഒരു കൊല്ലം മുൻപ് നാട്ടിൽ എത്തിച്ചതാണ് ഈ പ്രസ്തുത മുതല്,ഫിയറ്റ് കാർ. കോതമംഗലത്ത് നിന്ന് തൊടുപുഴയിലെ കച്ചവടക്കാരൻ അച്യുതൻ നായർ അത് സ്വന്തമാക്കി. അങ്ങനെ നാട്ടിലെ വിരലിൽ എണ്ണാവുന്ന കാറു മുതലാളിമാരിൽ ഒരാളായി അച്യുതൻ നായർ. കാറു വാങ്ങിയതിന് ശേഷം ഒന്നരമാസത്തോളം നീണ്ട മോഡിപിടിപ്പിക്കൽ പ്രക്രിയക്ക് ശേഷം ഇന്നാണ് ഫിയറ്റ് വീട്ടിൽ ടയർ എടുത്ത് വയ്ക്കുന്നത്. അജയന്റെ അമ്മ, അതായത് അച്യുതൻ നായരുടെ ഭാര്യ ആരതി ഉഴിഞ്ഞു. പണിക്കാരികൾ കുരവയിട്ടു. ഒരാൾ മാത്രം ഗൗരവം പൂണ്ട്, തന്റെ കൊമ്പൻ മീശയെ തഴുകി തലോടി നിൽക്കുന്നു. ചെല്ലപ്പൻ! അച്യുതൻ നായരുടെ ഏത് വണ്ടിയും, അതിപ്പോ വിമാനം ആയാൽ കൂടിയും ഓടിക്കാൻ കൂസലില്ലാത്ത പുകഴ്പെറ്റ തടിവണ്ടി ഡ്രൈവർ! ഒറ്റ തോട്ടിമേൽ ആന എന്ന ഭീകര ജീവിയെ വരച്ച വരയിൽ നിർത്തുന്ന പാപ്പൻമാർക്കുള്ള ആരാധക സമൂഹം അന്ന് ഈ വണ്ടിയോട്ടക്കാർക്കും ഉണ്ട്. അങ്ങനെ നോക്കിയാൽ, ചെല്ലപ്പന് ലേശം ഗൗരവം ആകാം. ചെല്ലപ്പനെ സംബന്ധിച്ചു ഫിയറ്റ് ഓടിക്കൽ ഒരു സംഭവം ഒന്നുമല്ല. നിസാരം!
"അജയാ.. കൊച്ചിന് ഓടിക്കണം എന്ന് ഉണ്ടോ?" അജയന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ചെല്ലപ്പൻ ഒരു കിടിലൻ ഓഫർ അങ്ങിട് വെച്ചു.
"ഓടിച്ചാകൊള്ളാമെന്നുണ്ട്...'' പേടിയുണ്ടെങ്കിലും ആഗ്രഹം പറഞ്ഞു അജയൻ.
" ചവിട്ടേണ്ടപ്പോ ചവിട്ടണം ബ്രേക്ക്.. പിന്നെ എന്ത് പേടിക്കാൻ. കൊച്ച് വണ്ടി അങ്ങിട് എടുക്കാനെ.. അല്ല പിന്നെ".
അങ്ങനെ യാത്ര തുടങ്ങി.കൊള്ളാം. അമ്പാസിഡർനെക്കാളും വേഗതയുണ്ട്.
'' കട എത്തണെക്കു മുന്നേ ഇങ്ങ് തന്നെരെ. കൊച്ചിന്റെ അച്ഛൻ കാണണ്ട". യാത്രാമദ്ധ്യേ ചെല്ലപ്പൻ പറഞ്ഞു. പെട്ടെന്ന് ഒരു ശബ്ദം. "ഡും".
"എന്തോ വന്ന് തട്ടിയെല്ലോ കൊച്ചേ. നിക്കെ ഒന്ന് ഇറങ്ങി നോക്കട്ടെ''. ചെല്ലപ്പൻ ഇറങ്ങി നോക്കി. വണ്ടിയുടെ ചുറ്റിനും നടന്ന് വിശദമായി നിരീക്ഷിച്ചു. വണ്ടിക്ക് പോറൽ ഒന്നുമില്ല. എന്താ പിന്നെ വന്നു തട്ടിയത്? സാവധാനം കുറച്ചു അപ്പുറത്ത് ഒരു ചിറകടി ശബ്ദം ശ്രദ്ധിച്ചു. ചെല്ലപ്പൻ അവിടേക്ക് ചെന്നു. പിന്നെ ധൃതിയിൽ ആരെങ്കിലും തങ്ങളെ വീക്ഷിക്കുന്നുണ്ടോ എന്ന് ഒരു കണ്ണോട്ടം നടത്തിയിട്ട് വണ്ടിയുടെ അടുത്തേക്ക് വന്നു.
"കൊച്ചു മാറിക്കോ. ഇനി ചെല്ലപ്പൻ ചേട്ടൻ ഓടിക്കാം".
''എന്താ വന്ന് മുട്ടിയത്?".ഇങ്ങനെ ചോദിച്ചു കൊണ്ട് അജയൻ നീങ്ങി ഇരുന്നു. ചെല്ലപ്പൻ അകത്ത് കയറി. വേഗം സ്റ്റാർട്ടാക്കി. വണ്ടിയെടുത്തു.
"കുഞ്ഞേട്ടന്റെ കോഴി തട്ടീതാ.. അത് ചത്തു. വണ്ടിക്ക് ഒന്നും പറ്റീല". സ്റ്റിയറിംങ്ങിന്റെ ഇടത് ഭാഗത്തെ ഗിയർ മാറ്റിക്കൊണ്ട് ചെല്ലപ്പൻ ആക്സിലേറ്ററിൽ കാലമർത്തി.
നേരം ഉച്ച കഴിഞ്ഞു. കടയുടെ അകത്ത് ഫാനിന്റെ കീഴിൽ കസേരയിൽ തല മുകളിലേക്ക് പിടിച്ചു ഉച്ചമയക്കത്തിലാണ് അച്യുതൻ നായർ. ഒരു വേവലാതിയോടെ കടയുടെ മുൻപിൽ ഇരിക്കുകയാണ് കൊലപാതകി. കടയുടെ ഒരു വശത്ത് നിൽക്കുന്ന ചെല്ലപ്പന് അപ്പോഴും കുസലില്ല.
അച്യുതൻ നായർക്ക് കഥ അറിയില്ല. അറിഞ്ഞാൽ വയറു നിറയാൻ മാത്രം ശകാരം കിട്ടുന്നതിന് ഒപ്പം വണ്ടി വിലക്കും പ്രഖ്യാപിക്കും. പോരാതത്തിനു ചത്ത മിണ്ടാപ്രാണിക്ക് ചോദിക്കാനും പറയാനും ആൾക്കാരുണ്ട്. സ്ഥിരം കാഴ്ചപോലെ , അയൽക്കാരായ കുഞ്ഞേട്ടനും അച്യുതൻ നായരും അത്ര രസത്തിലല്ല. 'നിന്നെ പോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കുക'. എവിടെനിന്നോ കേട്ട ആ ബൈബിൾ വാക്യം അജയൻ ഓർത്തു.
"കൊച്ചേ... ദേ... കുഞ്ഞേട്ടൻ! ആൾക്കാരുമുണ്ടല്ലോ!" വരവ് കണ്ട് അജയൻ ഒന്ന് ഞെട്ടി. ഇവർ ഇത് എന്തിന്റെ പുറപ്പാടാണോ? ഹാ വരട്ടെ... ഒന്നിലെലും ഒരു കോഴി അല്ലെ..
അവർ കടയ്ക്ക് മുന്പിലെത്തി. അജയൻ അകത്ത് കയറി ഉറക്കത്തിൽ ആയിരുന്ന അച്യുതൻ നായരെ പള്ളിയുണർത്തി. അവരുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാരൻ ആദ്യം അകത്ത് കയറി.
"ഒരു പരാതി കിട്ടിയിട്ടുണ്ടെല്ലോ... നിങ്ങടെ കാർ തട്ടി ദേ ഇവരുടെ ഒരു മുട്ടക്കോഴി ചത്തു."
'എപ്പോ?'
"രാവിലെ ഒരു 11 മണി ആയിക്കാണും. ഇവരുടെ വീടിന് മുൻപിൽ"
അച്യുതൻ നായർ ഗൗരവത്തോടെ ചെല്ലപ്പനെയും അജയനെയും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു, 'അതിന്?'
'കേസ് ആക്കണം എന്നാ ഇവർക്ക്. അത് വേണ്ടങ്കിൽ?'
"ഓടുന്ന വണ്ടിയുടെ മുൻപിൽ ചാടുന്ന കോഴി ചാവാന! അതിന് ഞാൻ എന്ത് വേണം. എന്റെ വണ്ടിക്ക് വല്ല തട്ടോ മുട്ടലോ ഉണ്ടേല്.... കോഴി അവന്റെയല്ലേ... അപ്പൊ അവൻ എനിക്ക് നാല് ചില്ലറ തരേണ്ടി വരും"
കുഞ്ഞേട്ടന്റെ മുഖം കനത്തു.
"ഹാ! ഇത് എന്നാ വർത്താനമാ ഇയാള് പറയണേ. വർഷം പത്തിരുന്നൂർ മുട്ട തരണ കോഴിയാ... ഇയാളുടെ നക്കാപ്പിച്ചക്കല്ലെടോ നായരെ.. ഇവര് പറഞ്ഞോണ്ട!"
"തന്റെ വീട്ടിൽ കേറി ഞാൻ ഒരു കോഴിയെയും കൊന്നിട്ടില്ല. നീ എന്നാന്ന് വെച്ചാ ചെയ്യടാ! കാണട്ടെ.."
അജയന് പന്തികേട് മണത്തു. ഇടയിൽ കയറി കുഞ്ഞേട്ടന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പോയി. ചെല്ലപ്പൻ കൈ കൊണ്ട് പോലീസുകാരനെ നീട്ടി വിളിച്ചു. അവർ എല്ലാവരും കടയ്ക്ക് പുറത്തു അല്പം മാറി നിന്ന് സന്ധി സംഭാഷണത്തിൽ ഏർപ്പെട്ടു. ഒടുവിൽ അജയൻ 50 രൂപ രണ്ട് ദിവസത്തിനകം നൽകാം എന്ന ഉറപ്പിന്മേൽ അവർ പോയി.
സമയം സന്ധ്യ കഴിഞ്ഞു. കടയടച്ചു. ചെല്ലപ്പൻ സാരഥിയായി അച്യുതൻ നായരെ മുൻപിൽ ഇരുത്തി വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. അജയൻ പുറകിൽ കയറി.
'ആരാ രാവിലെ വണ്ടി ഓടിച്ചിരുന്നത്?'
'ഞാനാ'. താഴ്ന്ന സ്വരത്തിൽ അജയൻ മറുപടി പറഞ്ഞു.
'ഇനി നീ ഓടിക്കണ്ട. ചെല്ലപ്പൻ മാത്രം മതി'.
അജയൻ നിശബ്ദനായി പുറത്തേക്ക് നോക്കിയിരുന്നു.
"ഓഹ്.. ചേട്ടാ അത് സാരില്ലന്നെ... വണ്ടിക്കൊന്നും പറ്റിയില്ലല്ലോ."
"ഇനി ഒന്നും പറ്റാതെ ഇരിക്കാൻ കൂടിയാ അവൻ ഇനി വണ്ടി എടുക്കണ്ടെന്നു പറഞ്ഞത്".
"പട്ടി!" പൊടുന്നനെ ചെല്ലപ്പൻ അലറി.
വണ്ടി വെട്ടിച്ചു. ചെല്ലപ്പൻ ബ്രേക്കുകൾ ശക്തമായി അമർത്തി.
നിയന്ത്രണം വിട്ട് വണ്ടി പോസ്റ്റിൽ ചെന്ന് ഇടിച്ചു നിന്നു. ഭാഗ്യം കൊണ്ട് ആർക്കും ഒന്നും സംഭവിച്ചില്ല.
ചെല്ലപ്പൻ ചാടി ഇറങ്ങി മുന്നോട്ട് ചെന്നു നോക്കി. ചളുക്കുണ്ട്. ഹെഡ് ലൈറ്റുകൾ തകർന്നു.
"ശ്ശെ...." തകർന്ന ലൈറ്റുകൾ കണ്ട ചെല്ലപ്പൻ തന്റെ വികാരം കാഴ്‌ചവച്ചു.
അച്യുതൻ നായർക്ക് കൂടുതൽ ഒന്നും കാഴ്ചവെക്കൻ ബാക്കി ഉണ്ടായിരുന്നില്ല. ഒരു ദീര്ഘനിശ്വാസത്തിൽ അദ്ദേഹം തന്റെ വികാരങ്ങളെ ഒതുക്കി.
So natural..Brilliant language..Very well expressed❣️
ReplyDeleteGood work.
ReplyDeleteGood one... Keep writing
ReplyDeleteYour writing is beautiful. Keep it up 😊
ReplyDeleteThat was a brilliant attempt from your side comrade, Keep Writing
ReplyDeleteBrilliant work
ReplyDelete