Skip to main content

ചർച്ച

"എന്റെ മുത്തശ്ശനേയും മുത്തശ്ശിയെയും ഞാൻ കണ്ടിട്ടില്ല. ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെ അവർ മരിച്ചു. അതുകൊണ്ട്.." 
ലക്ഷ്മി തന്റെ കാര്യം അവതരിപ്പിച്ചു.

ഇന്ന് ചർച്ചാവിഷയം അപ്പൂപ്പൻ അമ്മൂമ്മ കഥകൾ ആണ്. കൂട്ടുകാർ ഒത്തുകൂടുമ്പോൾ ചർച്ച ചെയ്യാൻ വിഷയങ്ങൾക്ക് പഞ്ഞമില്ല. അഭിപ്രായങ്ങൾ,അനുഭവങ്ങൾ, മണ്ടത്തരങ്ങൾ, കഥകൾ ഒക്കെ ചർച്ചകളിലും സംവാദങ്ങളും ഉയരും. 

"എന്റെ മുത്തശ്ശി ചെറുപ്പത്തിലേ മരിച്ചു. ഓർമ്മയില്ല. 
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുത്തശ്ശൻ മരിക്കുന്നത്. അത് മറക്കുവാൻ കഴിയില്ല എനിക്ക്".

"എന്താ? ട്രാജിക്ക് സിറ്റുവേഷൻ ആയിരുന്നോ?" റോഹൻ പറഞ്ഞതിനോട് ജോസഫിന്റെ വക ഒരു ചോദ്യം.
"ആഘോഷമായിരുന്നു സത്യത്തിൽ!"
"ആഘോഷമോ?!"
"ഏയ്.. റോഹൻ കഥ ഇറക്കി തുടങ്ങി. വിശ്വസിച്ചു ഇനി ആരും മണ്ടനാകണ്ട!" ഇത് പറഞ്ഞുകൊണ്ട് വിഷ്ണു റോഹന്റെ തലയിൽ ഒന്ന് തട്ടി.എല്ലാവരും ചിരിച്ചു.

ചർച്ച തുടർന്നു. കോർത്ത കണ്ണികൾ പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വിഷയങ്ങൾ മാറിക്കൊണ്ടേയിരുന്നു.
 വാദങ്ങൾ, മധ്യസ്ഥം, സമവായം ഇങ്ങനെ എല്ലാം ചേർന്ന് ചർച്ചയിലൂടെ കാര്യങ്ങൾക്ക് തീർപ്പ് കല്പിക്കുക എന്നത് മനുഷ്യസമുദായത്തിന്റെ സ്വന്തമായ പ്രക്രിയയാണെന്ന് തോന്നുന്നു. കാരണം, കാലാകാലങ്ങളായി റാണിഭരണം നിലനിൽക്കുന്ന ഉറുമ്പ്, തേനീച്ച സമുദായങ്ങളിൽ ഒരു ചർച്ചയുടെ അഭാവം കൊണ്ടാകാം 'വിപ്ലവത്തിലൂടെ ജനാധിപത്യം' എന്നത് ഏതെങ്കിലും ഒരു സമുദായംഗത്തിനു സ്വപ്നത്തിൽ പോലും ഒരു ദർശനം തോന്നാതിരുന്നത്.

ബസ്സ് വന്നു. ബേക്കറിയിൽ നിന്ന് റോഹൻ ഓടി ഇറങ്ങി. ബസ്സിൽ കയറി. ഭാഗ്യവശാൽ ജനലിനരികെ തന്നെ ഇരിപ്പിടം ലഭിച്ചു. അപ്പോഴും അവിടെ ചർച്ച തന്നെയാണ്. അനന്തമായ ചർച്ച!

റോഹൻ യാത്ര ആരംഭിച്ചു. ഒപ്പം മനസ്സും. ശരീരം താണ്ടുന്ന കാതങ്ങളുടെ ഒരായിരമിരട്ടി മനസ്സ് എത്തിപ്പെടും. കാലങ്ങൾ സഞ്ചാരപഥങ്ങൾ ഒരുക്കും. തലയിൽ തട്ടിയുലയുന്ന കാറ്റ് റോഹനെ പിന്നോട്ട് വലിച്ചു.

'വിഢിത്തം. കൂട്ടുകാർക്ക് മുൻപിൽ എന്തൊക്കെയാണ് നീ വിളിച്ചു കൂവിയത്?.'
റോഹൻ സ്വയം പഴിച്ചു. മരണമെന്ന സത്യം ആദ്യമായി നേരിൽ കണ്ട ആ കുഞ്ഞു റോഹന്റെ ഓർമകളിലേക്ക് അവൻ സ്വയം ഇറങ്ങിച്ചെന്നു. 
'അവസാനമായി പട്ടു പുതപ്പിച്ചുകൊണ്ട് അച്ഛൻ, വെല്യച്ഛൻമാർ എന്നിവരുടെ കണ്ണുകളിൽ പൊടിയുന്ന കണ്ണുനീരിന്റെ വെള്ളി തിളക്കം. എല്ലാം നഷ്ടമായ പേരമ്മമാരുടെ നിലവിളികൾ. ആ ദിവസം ഏറെ ഭയപ്പെട്ടു പോയി ഞാൻ.
ഞാനും കരഞ്ഞു ഉറക്കെ! മുത്തശ്ശൻ ഇല്ലാതെ, ഇനി ഒരു ലോകമില്ല എന്ന്  ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു! അങ്ങനെ എല്ലാവരും കരഞ്ഞപ്പോൾ, വിവേചിച്ചറിയാൻ സാധിക്കാത്ത വണ്ണം ഏകശബ്ദമായ രോദനങ്ങൾ ചിതയ്ക്ക് പശ്ചാത്തലം ഒരുക്കി. അങ്ങനെ എല്ലാവരുടെയും അച്ഛൻ, മുത്തച്ഛൻ, ഏട്ടൻ, സുഹൃത്ത്, അധികാരി ഒക്കെയായി രംഗം തീർത്ത ശരീരിയായ ചൈതന്യം, എല്ലാം അഗ്നിക്ക് സമർപ്പിച്ചു യാത്രയായി.

ചിത്രം ശാന്തം. അപ്രതീക്ഷിതം! വിശപ്പിന്റെ വിളിയിൽ എല്ലാവരും ഭക്ഷണം കഴിച്ചു. പിന്നെ ചർച്ച! സഞ്ചയനം, അടിയന്തരം എല്ലാം തീരുമാനമായി.'

'കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണല്ലോ. പിന്നെ എന്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞു?' ഓർമ്മകളിലൂടെ പോകുമ്പോഴും ചോദ്യം അവശേഷിച്ചു. 
ചിന്തകൾ ഉത്തരം നൽകാതെ ഇരിക്കില്ല. അത് സമയം പോലെ വരിക തന്നെ ചെയ്യും. സ്വന്തം ചിന്തകളുടെ ആഴങ്ങൾ അളക്കുവാൻ അവനു സാധിച്ചിരിക്കുന്നു.

ആഘോഷങ്ങളുടെ തുടക്കം അതിന് ശേഷമാണ്. 16 ദിവസങ്ങൾ.
വീട് നിറയെ എന്നും ബന്ധുജനങ്ങൾ. വലിയ വലിയ ചർച്ചകൾ! എന്നും ഒരുമിച്ചു ഭക്ഷണം. ചില ദിവസങ്ങളിൽ അൽപ നേരം ബലിയിടുന്നതിനും മറ്റ് ചടങ്ങുകൾകുമായി സമയം മാറ്റിവെക്കുമ്പോഴും എവിടെയും ഒരു ആഘോഷം എന്നപോലെ.
ധാരാളം കുട്ടികൾ! പല തരം കളികൾ. വീട്ടിലേക്കുള്ള വഴിയോരത്തെ പറമ്പ് ആ ദിവസങ്ങളിൽ മൈതാനമായി. 
അങ്ങിനെ ആ അവസാന ദിനം വന്നു. ഓരോരുത്തരായി പടിയിറങ്ങി. അടുത്ത അവധിക്ക്‌ വരാം എന്ന് പരസ്പരം ഉറപ്പ് നൽകിക്കൊണ്ട് അച്ഛനമ്മമാരുടെ ഒപ്പം കുട്ടികൾക്കും ഇറങ്ങേണ്ടിവന്നു.

"വരട്ടെ..." ഇറങ്ങിയ ഓരോരുത്തരും പറഞ്ഞുകൊണ്ടിരുന്നു. ഓരോരുത്തരം പോകുന്നതിനനുസരിച്ചു ഒച്ച താഴ്ന്നുകൊണ്ടിരുന്നു. അവസാനമായി ആ വീട്ടിൽ മൂന്ന് ശബ്ദങ്ങൾ മാത്രം അവശേഷിച്ചു. ചർച്ചകൾ ചിതറി പല വീടുകളിലായി. അങ്ങനെ കുട്ടിക്കാലത്തെ ആ വലിയ സംഭവം, ആഘോഷങ്ങളുടെ കുപ്പായമണിഞ്ഞു  ഓർമകളിൽ കയറിപ്പറ്റി.

ബസ് നിന്നു. പെട്ടെന്ന് വണ്ടി നിന്നതിന്റെ ആഘാതത്തിൽ റോഹൻ വർത്തമാന കാലത്തേക്ക് തിരികെയെത്തി. 
തന്റെ സ്റ്റോപ്പ് ആണെന്ന് തിരിച്ചറിഞ്ഞ റോഹൻ ധൃതിയിൽ ഇറങ്ങി. വീട്ടിലേക്കുള്ള വഴിയേ നടന്നു. "വരട്ടെ" എന്ന് ചൊല്ലി ഇറങ്ങിയവർ എത്തിയില്ല. ഒരിക്കൽ മൈതാനമായ പറമ്പുകൾ കാട് കയറി. സഞ്ചാരം നിലച്ച വഴികളിൽ നിറയെ പുല്ലും കുറ്റിച്ചെടികളും മുളച്ചു.
സത്യത്തിൽ അന്ന് നമ്മൾ മരണം ആഘോഷിക്കുക ആയൊരുന്നുവോ? റോഹൻ സ്വയം ചോദിച്ചു.
"അല്ല!". നടവഴിയിൽ മുളച്ച കുറ്റിച്ചെടികൾ ഉത്തരമേകി. പലതിന്റെയും അന്ത്യം തന്നെയായിരുന്നു അതും. ജീവൻ നല്കിയവരുടെ കാലശേഷം പിന്നീട് ഒന്നും അവശേഷിക്കുന്നില്ലേ?
ഇതൊരു ചോദ്യമാണ്. നചികേതസ്സ് യമനോട് ഉന്നയിച്ച ചോദ്യമല്ല എങ്കിലും, ഈ ചോദ്യത്തിനും അർത്ഥമുണ്ട്.

കുറ്റിചെടികൾക്ക് ഇടയിലൂടെ തന്റെ വഴി കണ്ടെത്തി റോഹൻ വീടണഞ്ഞു.

Comments

  1. Intellectual to the extreme..❣️
    Brilliant thought 🖤

    ReplyDelete
  2. പറഞ്ഞ് തീർത്ത ഗൃഹാതുരസ്മരണകൾക്ക് മേൽ പുതുചിന്തകൾക്ക് ഓവുചാൽ തീർക്കുന്ന ഒന്ന്..😍😍😍😍😍😍😍

    ReplyDelete

Post a Comment